ചേർത്തല∙ തന്നെ വർഗീയവാദിയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗുകാർ തന്നെ മുസ്ലിം വിരോധിയായി കണ്ട് വേട്ടയാടാൻ ശ്രമിക്കുന്നു. മാത്രവുമല്ല, തന്നെ ഒരു ജാതിയുടെ ഭാഗമായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
‘‘മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗിൽ തന്നെ സമ്പന്നർക്കാണ് ആനുകൂല്യങ്ങൾ. കോളജുകൾ പോലും ആ വിഭാഗത്തിലെ സമ്പന്നരുടെ ട്രസ്റ്റുകൾക്കാണ് ലീഗ് നൽകിയത്. മലപ്പുറം പാർട്ടിയാണ് ലീഗ്. എസ്എൻഡിപി യോഗത്തെ തകർക്കാൻ അവർ ശ്രമിച്ചു. എന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്. അവർ പറഞ്ഞ കാര്യങ്ങളെ ഞാൻ എതിർത്തു എന്നതാണ് കാരണം.
മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ചു. മുസ്ലിം സമുദായത്തെ അല്ല, ലീഗിനെയാണ് എതിർത്തത്. മതവിദ്വേഷം പ്രചരിപ്പിച്ചു എന്നു പറഞ്ഞ് എന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലിം ലീഗിനെതിരെ എ.കെ.ആന്റണി പറഞ്ഞിട്ടില്ലേ. അപ്പോൾ ആന്റണിയെ താഴെയിറക്കാൻ ശ്രമിച്ചു’’ – വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെയും വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടി നൽകി. ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്നു ഞെളിയരുത്. പണ്ടത്തെ കാലമല്ല. നന്നായി പെരുമാറണം. ചെറുപ്രായത്തിൽ ഭരണം കിട്ടിയത് കാരണം പക്വത പ്രകടിപ്പിക്കാനായില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
ബിഡിജെഎസിന്റെ കാര്യത്തിൽ എസ്എൻഡിപി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 10 കൊല്ലം ബിജെപിയ്ക്ക് ഒപ്പം നടന്നിട്ട് എന്തു കിട്ടി? ബിഡിജെഎസ് എൽഡിഎഫിൽ ചേരണം എന്നു കരുതുന്ന ഒരു വിഭാഗം ഉണ്ട്. അവർ എന്തു തീരുമാനം വേണമെങ്കിലും എടുക്കട്ടെ. എസ്എൻഡിപി യോഗം അതിൽ ഇടപെടില്ല –വെള്ളാപ്പള്ളി പറഞ്ഞു.

