ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരിക്കുന്നതിന് വിജയ്ക്ക് പിന്തുണയറിയിച്ച് നടന്മാരായ കമൽഹാസനും വിശാലും. സർക്കാർ രൂപീകരിക്കാൻ ടിവികെ നേതാവുകൂടിയായ വിജയ് ഉന്നയിച്ച അവകാശവാദം സ്വീകരിക്കാത്ത ഗവർണറുടെ നിലപാടിനെ ഇരുവരും വിമർശിച്ചു. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് സംസ്ഥാനത്തിനു തന്നെ നാണക്കേട് ആണെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു. വിജയ്യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട് ഗവർണർ എന്തുക്കൊണ്ടാണ് വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിക്കുന്നതെന്നാണ് വിശാൽ ചോദിച്ചത്.
“തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള അധികാരം ജനങ്ങൾ നൽകിയിട്ടില്ല. തമിഴ്നാട് ചരിത്രത്തിൽ ഇത് ആദ്യമായാണ് സംഭവിക്കുന്നത്. എന്റെ സഹോദരൻ സ്റ്റാലിൻ, ‘ജനങ്ങളുടെ വിധി ഞങ്ങൾ മാനിക്കുന്നു; ഒരു ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും’ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാൻ ബഹുമാനിക്കുന്നു. ഇനി ഭരണഘടനയുടെ ചുമതലയുള്ളവർ ഇതേ കടമ നിറവേറ്റണം. ഇത് ഒരു അഭ്യർഥനയല്ല, അവരുടെ ഭരണഘടനാപരമായ കടമയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ മാത്രമാണ്.
വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം 108 സീറ്റുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഭരിക്കാൻ ക്ഷണിക്കാതിരിക്കുന്നത് തമിഴ് ജനങ്ങളുടെ വിധിയെ അപമാനിക്കുന്നതിന് തുല്യമാണ്. തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങൾക്കും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്തിന് നേരിട്ടുള്ള നാണക്കേടാണ്; ജനാധിപത്യത്തിന് ദോഷം വരുത്തുന്നതാണെന്നും പറഞ്ഞു.

