ചെന്നൈ:ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി പങ്കെടുത്ത നടി തൃഷ കൃഷ്ണൻ്റെ ദൃശ്യങ്ങൾ വൈറലായി. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പതാക ഉയർത്തുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തൃഷ മുൻനിരയിലാണ് ഇരുന്നിരുന്നത്.
മഞ്ഞ സാരി ധരിച്ച്, തലയിൽ മുല്ലപ്പൂവും ചൂടിയാണ് തൃഷ ചടങ്ങിനെത്തിയത്. തന്റെ അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ വേദിയിലെത്തിയത്. മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവർക്ക് തൊട്ടടുത്താണ് തൃഷയും ഇരുന്നത്. കൂടാതെ, പരേഡ് കടന്നുപോയപ്പോൾ തൃഷ മുഖ്യമന്ത്രി വിജയ്‌യെ സല്യൂട്ട് ചെയ്യുന്നതും വീഡിയോകളിൽ കാണാം.
കഴിഞ്ഞ മേയ് മാസത്തിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. അന്ന് വിജയ്‌യുടെ അമ്മ ശോഭാ ചന്ദ്രശേഖറെ തൃഷ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചതും വലിയ രീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. അന്നും ഇന്നും മുഖ്യമന്ത്രിയുടെ കുടുംബത്തോടൊപ്പം തൃഷയെ കണ്ടത് ആരാധകരിൽ വലിയ കൗതുകമാണ് ഉണ്ടാക്കുന്നത്.
സമീപകാലത്തായി വിജയ്‌യും തൃഷയും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനിടെ വിജയ്ക്കെതിരായ വിവാഹമോചന ഹർജി പിൻവലിക്കുകയാണെന്ന് ഭാര്യ സംഗീത സ്വർണലിംഗം അറിയിച്ചിരുന്നു.
