ആലപ്പുഴ: വിഎസ് എന്ന വിപ്ലവനായകന് കേരളം വിടചൊല്ലി. പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷം മൃതദേഹം ബീച്ച് റിക്രീയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി കാണാൻ അലകടൽ പോലെ ജനം ഇരമ്പിയെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദർശനം പൂർത്തിയാക്കാനായത്.
ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടിൽ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്‌കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തിരുന്നത്.

