കൊച്ചി: അച്ഛൻ വിട വാങ്ങിയ വാർത്ത വിനീത് ശ്രീനിവാസൻ അറിഞ്ഞത് യാത്രയിലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾക്കായി കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിനീത് പിതാവിന്റെ മരണവാർത്ത അറിയുന്നത്. ഉടൻ തന്നെ വിമാനയാത്ര റദ്ദാക്കി നടൻ ആശുപത്രിയേക്കു തിരിക്കുകയായിരുന്നു.
ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യമാണ് ശ്രീനിവാസനെ മരണത്തിലേക്ക് നയിച്ചത്. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം. അച്ഛൻ വിടവാങ്ങിയ വിവരം അറിയാതെ യാത്ര പോയ മകൻ മടങ്ങിയെത്തുന്നത് കാത്തിരിക്കുകയായിരുന്നു ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും. പത്ത് മണിയോടെ വിനീത് ആശുപത്രിയിലെത്തി.
ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ വിനീത് പിതാവിന്റെ സിനിമകളിലെ ലാളിത്യവും ആത്മാർത്ഥതയും തന്റെ സൃഷ്ടികളിലും കാത്തുസൂക്ഷിച്ചിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ഗുരുവും വഴികാട്ടിയുമായിരുന്ന അച്ഛന്റെ വിയോഗം താങ്ങാനാവാത്ത ആഘാതമാണ് വിനീതിനും കുടുംബത്തിനും നൽകിയിരിക്കുന്നത്. മൃതദേഹം ഇപ്പോൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബാംഗങ്ങൾ പിന്നീട് അറിയിക്കും.

