ലണ്ടന്‍: ലോകത്തെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് അഹമ്മദാബാദ് വിമാനാപകടം. 241 പേര് മരിച്ച അപകടം കഴിഞ്ഞ ജൂണ്‍ 12നാണ് നടന്നത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ അത്ഭുതകരമായി അതിജീവച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന് വിശ്വാസ് കുമാര്‍ (40) ആണ് ദുരന്തത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി. സീറ്റ് നമ്പര്‍ 11Aയിലെ യാത്രക്കാരനായിരുന്നു വിശ്വാസ് കുമാര്‍. ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ താന്‍ ഒറ്റക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിശ്വാസ് കുമാര്‍. ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ സഹോദരനെ എനിക്ക് നഷ്ടമായി. അവന് എന്റെ നട്ടെല്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്. എന്റെ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ഭാര്യയോടും മകനോടും സംസാരിക്കാറില്ല. വീട്ടില്‍ ഒറ്റയ്ക്കിരിക്കാനാണ് എനിക്ക് ഇഷ്ടം’- വിശ്വാസ് കുമാര്‍ പറഞ്ഞു.

