ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക (33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനം. അതേ സമയം ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനം. ദുബായിലെ പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം കുഞ്ഞിന്റെ ശവസംസ്‌കാരം നടക്കും. മകൾ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കൊല്ലം കേരളപുരം സ്വദേശി ഷൈലജ കഴിഞ്ഞ ദിവസം യുഎഇ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത്. അതിനാൽ കോടതി ഉത്തരവ് പിതാവ് നിതീഷിന് അനുകൂലമായി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലൂടെയായിരുന്നു ഇന്നലെ തീരുമാനിച്ച ശവസംസ്‌കാരം മാറ്റിവച്ചത്.
ഇന്നും കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഷൈലജ, കാനഡയിൽ നിന്നെത്തിയ വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ എന്നിവരുമായും ഭർത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായും ചർച്ച നടന്നെങ്കിലും കുട്ടിയെ യുഎഇയിൽ സംസ്‌കരിക്കുന്ന കാര്യത്തിൽ നിതീഷ് ഉറച്ചു നിന്നു. നിതീഷിന് അനുകൂലമായി കോടതി ഉത്തരവ് ഉള്ളതിനാലും കുട്ടിയുടെ മൃതദേഹം ഏറെ നാൾ ഫൊറൻസിക് ലാബിൽ വയ്ക്കുന്നതിനാലും പെട്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ്, ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.

