തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് വരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര ഉദ്യാന’മാവുന്നത്. ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വി എസ് അച്യുതാനന്ദന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കും.
വിഎസിന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകമാണിത്. പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് ഈ മനോഹരമായ പാർക്ക്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും.
എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഒരുക്കും. വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികൾക്കുള്ള കളിയിടം, ഒരു ജിംനേഷ്യം, പുൽത്തകിടിയിൽ വിശ്രമിക്കാനുള്ള സൗകര്യം, ജലധാര, ആമ്പൽ തടാകം എന്നിവ പാർക്കിന് അഴകേകും. ഇതുകൂടാതെ, ലഘുഭക്ഷണ കിയോസ്കുകൾ, പൊതു ശൗചാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂർ സുരക്ഷാ സംവിധാനം എന്നിവയും ഇവിടെയുണ്ടാകും.

