മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. അതീവഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറച്ചുമുമ്പ് സന്ദർശിച്ചിരുന്നു. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു വി. എസ്. അച്യുതാനന്ദൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി. എസ്. കഴിഞ്ഞത്.
മൃതദേഹം അഞ്ചുമണിയോടെ എ.കെ.ജി സെന്ററിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതുമണി മുതൽ ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക്. രാത്രിയോടെ ആലപ്പുഴയിൽ എത്തിച്ചേരും. ബുധനാഴ്ച രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടത്തും.
2006 മുതൽ 2011 വരെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 2016-ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി. 1923 ഒക്ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്.
1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. 1967-ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിന് തോൽപ്പിച്ചു.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാർ.

