കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലമുറമാറ്റമുണ്ടാകുമെന്ന് വി.ഡി. സതീശന്‍. അന്‍പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളും പ്രമുഖരുമായ നിരവധി നേതാക്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ട്. അന്‍പതു ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും നല്‍കിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകും. വലിയ മാറ്റങ്ങള്‍ ആവശ്യം വരുന്നില്ലാത്തതിനാല്‍ ഇത് സുഗമമായ പ്രക്രിയ ആയിരിക്കും. സിപിഎമ്മില്‍നിന്ന് വ്യത്യസ്തമായി, കോണ്‍ഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്, സതീശന്‍ പറഞ്ഞു.
അനുകൂല രാഷ്ട്രീയസാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍കൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുന്‍പ് കോണ്‍ഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോള്‍ അത് എല്‍ഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശന്‍ വ്യക്തമാക്കുന്നു.
നാലുകൊല്ലം മുന്‍പ് രാജസ്ഥാനിലെ ഉദയ്പുരില്‍ കോണ്‍ഗ്രസ് ഒരു പഠനശിബിരം നടത്തിയിരുന്നു. പാര്‍ട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി നീക്കിവെക്കണമെന്ന് ഒരു തീരുമാനം അന്ന് കൈക്കൊണ്ടിരുന്നു. എന്നാല്‍, ഇതുവരെ അത് പാലിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് അത് പാലിക്കാനൊരുങ്ങുന്നു എന്ന സൂചനയാണ് സതീശന്‍ നല്‍കുന്നത്.

