വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വീട് വാഗ്ദാനം ചെയ്ത എല്ലാവരുമായും മുഖ്യമന്ത്രി ജനുവരിയിൽ ചർച്ച നടത്തും. കേന്ദ്ര സഹായം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പുനരധിവാസത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയിൽ ആദ്യ ഘട്ടത്തിൽ നേരിട്ട് ബാധിച്ചവരെയാണ് ഉൾപ്പെടുത്തിയത്. പട്ടികയിൽ പരാതികൾ സമർപ്പിക്കാൻ 15 ദിവസം സമയം നൽകും. പരാതികൾ പരിശോധിച്ച് ആദ്യ പുനരധിവാസ നടപടികൾ ആരംഭിക്കും. രണ്ടാം ഘട്ട പട്ടികയും വേഗത്തിൽ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
38 ഏജൻസികളാണ് വീട് നൽകാൻ സർക്കാരിനെ സമീപിച്ചു. 1133 വീടുകളാണ് വാഗ്ദാനം. തെരഞ്ഞെടുത്ത 2 എസ്റ്റേറ്റുകളുടെ ഭൂമി കിട്ടുമെന്ന് ഉറപ്പ് ലഭിച്ചു കഴിഞ്ഞാൽ സ്പോൺസർ മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് പരിഗണനയിലുള്ളത്. സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിൽ വരാൻ താൽപര്യം ഇല്ലാത്തവരുണ്ടെങ്കിൽ അവർക്കുള്ള നഷ്ടപരിഹാരവും തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.