കൊല്ലത്ത് യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിടിഞ്ഞു, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് മരണം

  • Home-FINAL
  • Business & Strategy
  • കൊല്ലത്ത് യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിടിഞ്ഞു, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് മരണം

കൊല്ലത്ത് യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിടിഞ്ഞു, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് മരണം


കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22), രക്ഷിക്കാനെത്തിയ കൊട്ടാരക്കരയിലെ അഗ്‌നിരക്ഷാ യൂണിറ്റ് അംഗം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സോണി എം കുമാർ (36) എന്നിവരാണ് മരിച്ചത്. 80 അടി താഴ്ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞുവീണാണ് ശിവകൃഷ്ണനും സോണിയും മരിച്ചത്.

80 അടി താഴ്ചയുള്ള കിണറ്റിലേക്ക് അർച്ചന ചാടിയ വിവരം അറിയിച്ച് പുലർച്ചെ 12.15ഓടെ കൊട്ടാരക്കര ഫയർഫോഴ്സിന് കാൾ വന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോൾ അർച്ചനയുടെ രണ്ട് മക്കളും അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് പറഞ്ഞ് കിണറിനടുത്തെത്തി.
തുടർന്ന് യുവതിയെ പുറത്തെത്തിക്കാൻ ഫയർഫോഴ്സ് യൂണിറ്റംഗം സോണി റോപ്പ് അടക്കം സംവിധാനങ്ങളുപയോഗിച്ച് കിണറ്റിലേക്കിറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റുന്നതിനിടെ കിണറിന്റെ കൈവരിയിടിഞ്ഞ് ഇവരുടെ മേൽ വീണു. കൈവരിക്ക് സമീപം നിന്ന ശിവകൃഷ്ണനും ഇതോടെ താഴേക്ക് വീണു. ഏറെ ആഴമുണ്ടായിരുന്ന കിണറായതിനാൽ ഇവരുടെ മേലേയ്ക്ക് തുടർച്ചയായി കല്ലും മണ്ണുമടക്കം വീണു. സോണിയെ അപ്പോൾ തന്നെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അർച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.

Leave A Comment