കൊച്ചി; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫിസർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. അമേയ പ്രസാദിന്റെ ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ചു. വനിതാ സംവരണ സീറ്റിലേക്കാണ് ട്രാൻസ്‌വുമണായ അമേയ നാമനിർദേശപത്രിക സമർപ്പിച്ചത്. എന്നാൽ വോട്ടർപട്ടികയിൽ അമേയ ട്രാൻസ്‌ജെൻഡർ എന്നാണ് രേഖപ്പെടുത്തിയത്. ഹർജി പരിഗണിക്കവെ പട്ടികയിൽ മാറ്റം വരുത്താൻ സമയമുണ്ടായിരുന്നല്ലോ എന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജെൻഡർ മാറ്റണമെന്ന അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്നു എന്ന് അമേയ കോടതിയെ അറിയിച്ചു. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനല്ലേ അപേക്ഷ നൽകേണ്ടതെന്നു കോടതി ചോദിച്ചു. ഇതിനു ശേഷമാണ് തീരുമാനം റിട്ടേണിങ് ഓഫിസർ എടുക്കട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് അമേയ ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സാങ്കേതികം മാത്രമാണെന്നും ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ട്രാൻസ്‌വുമണിന് ഉണ്ടെന്നു കോടതിവിധിയുണ്ടെന്നും അമേയ പറഞ്ഞു.

