വയനാട് അച്ചൂരണം ഗ്രാമത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ റീട്ടെയിൽ ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിന് എൻ.ഒ.സി നിഷേധിച്ച അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം എൻ.ഒ.സി നൽകാൻ കോടതി നിർദേശം നൽകി.വയനാട് അച്ചൂരണം ഗ്രാമത്തിൽ സർവേ നമ്പർ 98/20, 98/17ൽ പെട്രോൾ പമ്പ് ആരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് ഷൈജു ചാക്കോ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ ലെറ്റർ ഓഫ് ഇന്റന്റ് അടിസ്ഥാനമാക്കി അപേക്ഷ നൽകിയിരുന്നു. ആവശ്യമായ എല്ലാ വകുപ്പുകളുടെയും അനുമതികളും ലഭിച്ചിരുന്നു.ജില്ലാ പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം, ജില്ലാ മെഡിക്കൽ ഓഫിസർ, പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ്, പി.ഇ.എസ്.ഒ (Petroleum and Explosives Safety Organisation) തുടങ്ങിയ അധികാരികൾ സ്ഥലപരിശോധന നടത്തി എതിർപ്പില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.എന്നിരുന്നാലും, പ്രദേശവാസിയുടെ എതിർപ്പും സമീപത്ത് കിണർ ഉള്ളതുമാണ് എൻ.ഒ.സി നിഷേധിക്കാൻ കാരണം ചൂണ്ടിക്കാട്ടിയത്. എന്നാൽ, പ്രാദേശികരുടെയും വ്യക്തിഗത എതിർപ്പുകളും Petroleum Rules, 2002 ലെ Rule 144 പ്രകാരം പരിഗണനയ്ക്ക് ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ കിണർ ‘വാട്ടർബോഡി’യായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.സ്റ്റാറ്റ്യൂട്ടറി അധികാരികൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ പൊതുസുരക്ഷ ചൂണ്ടിക്കാട്ടി എൻ.ഒ.സി നിഷേധിച്ചത് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ മുൻ ഉത്തരവ് റദ്ദാക്കി ആറാഴ്ചയ്ക്കകം എൻ.ഒ.സി നൽകാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകി.ഹർജിക്കാരനായ ഷൈജു ചാക്കോയ്ക്ക് വേണ്ടി അഡ്വ. പ്രവീൺ കെ. ജോയ് ഹാജരായി.

