ന്യൂഡൽഹി: മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ. ഭാഷ പ്രശ്‌നമല്ലാത്ത രീതിയിൽ ഉപയോഗിക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഏത് ഭാഷയിലും ഉപയോക്താക്കൾ ആശയവിനിമയം നടത്താനും മനസിലാക്കാനും സഹായിക്കുന്ന ട്രാൻസ്ലേഷൻ ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്.
പുതിയ ഫീച്ചർ അപ്ഡേറ്റാകുന്നതോടെ മറ്റുള്ള ആപ്പുകളെ ട്രാൻസ്ലേഷന് വേണ്ടി ആശ്രയിക്കേണ്ടി വരില്ല. ഏതു മെസേജാണോ ട്രാൻസ്ലേറ്റ് ചെയ്യേണ്ട് ആ മെസേജിന് മുകളിൽ ഹോൾഡ് ചെയ്യുമ്പോൾ ഓപ്ഷനുകൾ വരും. അപ്പോൾ ഏത് ഭാഷയിലേക്കാണോ ട്രാൻസലേറ്റ് ചെയ്യേണ്ട് ആ ഓപ്ഷൻ തെരഞ്ഞെടുക്കാം. നിലവിൽ എല്ലാ ഉപോയക്താക്കൾക്കും ആപ്‌ഡേഷൻ ലഭ്യമായി തുടങ്ങിയിട്ടില്ല. ആറു ഭാഷകളിലേയ്ക്ക് ആൻഡ്രോയിഡ് യൂസേഴ്സിന് ട്രാൻസ്ലേറ്റ് ചെയ്യാൻ സാധിക്കും. നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോർച്ചുഗീസ്, റഷ്യൻ, അറബിക് ഭാഷകളിലാണ് ഫീച്ചർ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിൻ, ടർക്കിഷ്, കൊറിയൻ എന്നിവയുൾപ്പെടെ 19-ലധികം ഭാഷകളിൽ ഐഫോൺ ഉപയോക്താക്കൾക്ക് ഈ അപ്‌ഡേഷൻ ലഭിക്കും. ആഗോളതലത്തിൽ എല്ലാവർക്കും ഈ അപ്ഡേഷൻ എപ്പോൾ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല.

