തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളുടെ പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നറിയുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായി തുടരുമെന്നാണ് വിവരം.

