റിയാദ്: വിസ ഏജന്റിന്റെ ചതിയിൽപെട്ട് സഊദിയിൽ നിരവധി ഇന്ത്യക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്. ജിദ്ദയിൽ ദുരിതത്തിലായ തൊഴിലാളികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നസ്മാ ഇന്റർനാഷനൽ എന്ന ട്രാവൽ ഏജൻ്റിൻ്റെ കീഴിൽ എത്തിയവരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഒരു മാസത്തോളമായി ജോലിയോ താമസമോ ഇല്ലാതെ കഷ്ടപ്പെടുകയാണിവർ.
എയർപോർട്ടിൽ ഡ്രൈവർ ജോലിയുൾപ്പെടെയുള്ള തസ്തികകളിലേക്ക് 1800 റിയാൽ വരെ ശമ്പളം നൽകാമെന്നായിരുന്നു ഇവർക്ക് ട്രാവൽ ഏജൻ്റ് നൽകിയിരുന്ന വാഗ്ദാനം. കേരളത്തിലെ നിരവധി ട്രാവൽ ഏജന്റുമാർ വഴി മുംബെയിലെ നസ്മാ ഇൻ്റർനാഷണലാണ് ഇവരെ ഇവിടെ എത്തിച്ചത്.
എഴുപത്തി അയ്യായിരം രൂപയും മെഡിക്കൽ പരിശോധന ചെലവുകളും ഇവർ ഏജൻ്റുമാർക്ക് നൽകിയാണ് വിസ തരപ്പെടുത്തിയത്. എന്നാൽ ജിദ്ദയിലെത്തിയ ശേഷം ഇത് വരെ ഇവർക്ക് സ്‌പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ കാര്യമായ സഹായമോ വാഗ്ദാനം ചെയ്ത ജോലിയോ ലഭിച്ചില്ല. നിരന്തരമായ നിരന്തരമായ സമ്മർദത്തെ തുടർന്ന് ഭക്ഷണത്തിനുള്ള നാമമമാത്രമായ പണം മാത്രമാണ് നൽകിയത്.
എന്നാൽ ജോലിക്കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ന്യൂഏജ് ഇന്ത്യാ ഫോറം പ്രവർത്തകർ ഇവർക്കാവശ്യമായ അരിയും മറ്റു ഭക്ഷ്യവിഭവങ്ങളും സംഭാവന നൽകിയിരുന്നു. ജോലിയും വേതനവും തരികയോ, അല്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ സൗദി അധികൃതർക്കും ഇന്ത്യൻ കോൺസുലേറ്റ് അധികൃതർക്കും പരാതി അയച്ചിട്ടുണ്ടെന്നും ഇവർക്ക് വേണ്ടി സഹായങ്ങൾ നൽകുന്ന സാമൂഹ്യ പ്രവർത്തകർ പറയുന്നു.