ലോകകപ്പ് ഫുട്ബോൾ ഉരുളും മുൻപേ മലപ്പുറത്തു വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ

  • Home-FINAL
  • Business & Strategy
  • ലോകകപ്പ് ഫുട്ബോൾ ഉരുളും മുൻപേ മലപ്പുറത്തു വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ

ലോകകപ്പ് ഫുട്ബോൾ ഉരുളും മുൻപേ മലപ്പുറത്തു വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ


മലപ്പുറത്തുകാർ ഫുട്ബോൾ ആവേശത്തിലാണ് .. ലോകകപ്പ് അടുത്തതോടെ മലപ്പുറത്തിൻ്റെ ഗ്രാമ നഗര വീഥികളും, മതിലുകളും ബസ്സ് സ്റ്റോപ്പുകളും ബ്രസീലിൻ്റെയും, അർജൻ്റീനിയയുടെയും പോർച്ചുഗലിന്റേയും ജർമനിയുടെയും നിറങ്ങളെ കൊണ്ട് നിറഞ്ഞു . എന്നാൽ അരീക്കോട് ഊർങ്ങാട്ടിരി കല്ലരടിക്കലിൽ ആവേശം മൂത്ത് ഫുട്ബോൾ ആരാധകർ വീട് മുഴുവൻ ബ്രസീൽ ജേഴ്‌സിയുടെ നിറം പൂശിയാണ് ആഘോഷമാക്കിയത്.ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷും ശ്രീജിത്തും വിജീഷുമാണ് ബ്രസീലിന്റെ ആരാധകർ. ലോകകപ്പ് വരും മുൻപ് തറവാട് വീടിൻ്റെ നിറം ഇവർ മാറ്റി മഞ്ഞയിലും പച്ചയിലും മുങ്ങി ബ്രസീൽ വീടായി മാറി. മൂന്നു ദിവസം കൊണ്ടാണ് ബ്രസീൽ ആരാധകരുടെ നേതൃത്വത്തിൽ വീട് മഞ്ഞയാക്കിയത്.

എല്ലാ തവണയും ബ്രസീലിന് വേണ്ടിയാണ് ആർപ്പ് വിളിക്കുന്നത്. ഇത്തവണ ഇങ്ങനെ ഒരു ആഘോഷം ലോകകപ്പ് തുടങ്ങും മുൻപേ തുടങ്ങാൻ എല്ലാവരും ചേർന്ന് ആലോചിച്ചതാണ്. ഇനി കളി എല്ലാവർക്കും കാണാൻ ഉള്ള സൗകര്യം കൂടി ഇവിടെ ഒരുക്കും,” ഷിജിലേഷ് പറഞ്ഞു.ലോകകപ്പ് കഴിയുംവരെ വീട് പൂർണമായി തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബ്രസീൽ ആരാധകർ പറയുന്നു. വീടിന് മുന്നിലെ ചുമരിൽ ബ്രസീൽ ഹൗസ് എന്നും എഴുതിയിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ മത്സരങ്ങൾ കാണാനാണ് ഇത്തരത്തിൽ വീട് സജ്ജീകരിച്ചത്. “ലോകകപ്പ് തുടങ്ങിയാൽ പിന്നെ മറ്റൊന്നും അതിന് മുകളിലില്ല. കളത്തിൽ ബ്രസീലും അർജൻ്റീനയും വന്നാൽ അതിലും വലിയ ആവേശം വേറെയില്ല. ഇവിടെ നാട്ടിൽ എല്ലാവരും ആരാധക പോരാട്ടം ഉണ്ടെങ്കിലും അത് കൊണ്ട് ഒന്നും സൗഹൃദം കുറയില്ല. കളി കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒന്നിച്ചാണ്. എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒരു മാജിക്കാണ് ഫുട്ബോൾ,” അവർ പറഞ്ഞു.അകത്തേക്ക് കയറിയാൽ ബ്രസീൽ താരങ്ങളായ പെലെ, റൊണാൾഡീഞ്ഞോ, കക്ക, റൊമേരി യോ, റൊണാൾഡോ, നെയ്മർ ഉൾപ്പെടുന്ന താരങ്ങളെ ചുമരിൽ കാണാം. ഖത്തറിൽ ഇത്തവണ ബ്രസീൽ കപ്പടിക്കും എന്ന് ഇവിടത്തെ ആരാധകർ ഒരുപോലെ പറയുന്നു. വീട് പെയിൻ്റ് അടിച്ചത് കൊണ്ടൊന്നും കപ്പ് കിട്ടില്ല എന്നാണ് നാട്ടിലെ അർജൻ്റീനിയൻ ആരാധകർ പറയുന്നത്. കപ്പ് കിട്ടിയാലും ഇല്ലേലും നാട്ടിലെ ഫാൻ പോരാട്ടത്തിൽ ബ്രസീലിനെ ഏറെ മുൻപിൽ എത്തിക്കാൻ കഴിഞ്ഞതിൻ്റെ ആവേശത്തിലാണ് എടക്കര വീട്ടിലെ സഹോദരങ്ങളും ബ്രസീൽ ആരാധകരും.

Leave A Comment