ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയ്ക്ക് തുടക്കമായി..

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയ്ക്ക് തുടക്കമായി..

ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയ്ക്ക് തുടക്കമായി..


ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022 ന്റെ ആറാമത് പതിപ്പ് ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിർ എയർ ബേസിൽ ഇന്ന് ആരംഭിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനെസ്സ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മറ്റ് ഉന്നത നേതാക്കൾ എന്നിവർ ഇന്ന് ഷോയിൽ എത്തിയിരുന്നു.സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ജർമ്മനി, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പ്രതിനിധികളും ഷോയിൽ പങ്കെടുക്കുന്നുണ്ട് . ഷോയിൽ 200-ലധികം ഉന്നതതല സിവിലിയൻ, സൈനിക പ്രതിനിധികൾ, അന്തർദേശീയ എയർലൈനുകൾ, പ്രമുഖ ആഗോള എയ്‌റോസ്‌പേസ് കമ്പനികൾ, സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങളുടെ പവലിയനുകളും എയർഷോയിൽ ഒരുക്കിയിട്ടുണ്ട് . റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവൽ എയർഫോഴ്‌സ്, റോയൽ സൗദി എയർഫോഴ്‌സ്, പാകിസ്ഥാൻ എയർഫോഴ്‌സ് എന്നിവയുൾപ്പെടെ 100-ലധികം വാണിജ്യ, സൈനിക വിമാനങ്ങൾ സ്റ്റാറ്റിക്, ഫ്ലൈയിംഗ് ഡിസ്‌പ്ലേകളിൽ അവതരിപ്പിക്കും.ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് എയ്‌റോബാറ്റിക്കിനൊപ്പം ഷോകൾ അവതരിപ്പിക്കുന്നതിനായി റോയൽ സൗദി എയർഫോഴ്‌സിന്റെ സൗദി ഹോക്‌സ് ടീമും യുഎഇ എയർഫോഴ്‌സിന്റെ അൽ ഫുർസാൻ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമുകളും ഈ വർഷത്തെ എഡിഷനിൽ പങ്കെടുക്കുന്നുണ്ട്.
പൊതുജനങ്ങൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിനോദ പരിപാടികളും, ഭക്ഷണ മേളകളും അടങ്ങുന്ന ഒരു പ്രത്യേക ഏരിയയും ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ബഹ്‌റൈൻ യുവാക്കളെ വ്യോമയാന മേഖലയിൽ കരിയർ തുടരാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന എക്‌സിബിഷനുകളും എയർഷോയുടെ ഭാഗമായി നടക്കും.എയര്‍ഷോയുടെ മുഖ്യ പരിപാടികള്‍ അരങ്ങേറുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ നാലു ചര്‍ച്ച ഫോറവും നടക്കും.നവംബർ 11 നു എയർ ഷോ സമാപിക്കും.

Leave A Comment