ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 130 ലേറെ പേരുടെ ജീവന്‍നഷ്ടമായ സംഭവത്തില്‍ തദ്ദേശ സ്ഥാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി.തുക്കുപാലം പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കിയതുപോലും ശരിയായ രീതിയലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.പൊതു പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്തുകൊണ്ടാണ് ടെന്‍ഡര്‍ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചു.പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വര്‍ഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോര്‍ബി നഗരസഭ കരാര്‍ നല്‍കിയത്. അജന്ത വാള്‍ ക്ലോക്കുകള്‍ നിര്‍മിക്കുന്ന കമ്ബനിയാണ് ഒറേവ.135 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ നഗരസഭയുടെതാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു.ഇത്രയും പ്രധാന ജോലിയുടെ കരാര്‍ എങ്ങനെയാണ് ഒന്നരപ്പേജില്‍ തീര്‍ത്തത്? ടെന്‍ഡര്‍ പോലും വിളിക്കാതെ സംസ്ഥാനം അജന്ത കമ്ബനിക്ക് പാരിതോഷികം നല്‍കുകയായിരുന്നോ എന്നും കോടതി ചോദിച്ചു. 2008 ലെ കരാര്‍ 2017ന് ശേഷം പുതുക്കാതിരുന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് കമ്ബനി 2017 ന് ശേഷവും പാലത്തിന്റെ മേല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.
മോര്‍ബി പാലം അപകടത്തില്‍ കോടതി സ്വയമേവ കേസ് രജിസ്റ്റര്‍ ചെയ്യുകയും ആറ് വകുപ്പുകളില്‍ നിന്ന് മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.സംഭവത്തില്‍ കരാര്‍ കമ്ബനിയുടെ ചില ജീവനക്കാരാണ് അറസ്റ്റിലായത്. എന്നാല്‍ ഏഴു കോടിയുടെ കരാറില ഒപ്പിട്ട ഉന്നത ഉദ്യോഗസ്ഥരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. 150 വര്‍ഷം പഴക്കമുള്ള പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയായി തുറക്കാന്‍ തീരുമാനിച്ചതിനു മുമ്ബ് തുറന്നുകൊടുത്തതുമായി ബന്ധപ്പെട്ടും ആര്‍ക്കെതിരെയും നടപടിയില്ല. കരാറിന്റെ ആദ്യ ദിവസം മുതലുള്ള എല്ലാ ഫയലുകളും മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.അതേസമയം, അപകടമുണ്ടായപ്പോള്‍ മിന്നല്‍ വേഗതയില്‍ പ്രവര്‍ത്തിച്ച് നിരവധി ജീവനുകള്‍ രക്ഷിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ഒമ്ബതു പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റാരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സറക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.