ലോക കപ്പിൽ ഇന്ന് ആരാധകര്‍ കാത്തിരുന്ന പോരാട്ടം.ബ്രസീലും, പോർച്ചുഗലും ഇറങ്ങും.

  • Home-FINAL
  • Business & Strategy
  • ലോക കപ്പിൽ ഇന്ന് ആരാധകര്‍ കാത്തിരുന്ന പോരാട്ടം.ബ്രസീലും, പോർച്ചുഗലും ഇറങ്ങും.

ലോക കപ്പിൽ ഇന്ന് ആരാധകര്‍ കാത്തിരുന്ന പോരാട്ടം.ബ്രസീലും, പോർച്ചുഗലും ഇറങ്ങും.


ലോകകപ്പില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന ദിവസം. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ നയിക്കുന്ന ബ്രസീലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇന്ന് കളത്തിലിറങ്ങും. ബ്രസീലിന് സെര്‍ബിയയും പോര്‍ച്ചുഗലിന് ഖാനയുമാണ് എതിരാളികള്‍. മറ്റ് രണ്ട് മത്സരങ്ങളില്‍ ഉറുഗ്വായ് സൗത്ത് കൊറിയയേയും സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനേയും നേരിടും. മത്സരവിവരങ്ങള്‍ പരിശോധിക്കാം.

സ്വിറ്റ്സര്‍ലന്‍ഡ് – കാമറൂണ്‍ (ഗ്രൂപ്പ് ജി)

തങ്ങളുടെ ആദ്യ ഏറ്റുമുട്ടലിലൂടെ ലോകകപ്പിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് സ്വിറ്റ്സര്‍‍ലന്‍ഡും കാമറൂണും. യൂറൊ കപ്പില്‍ ക്വാര്‍ട്ടറില്‍ എത്തിയതിന്റെ ആത്മവിശ്വാസം സ്വിറ്റ്സര്‍ലന്‍ഡിനുണ്ടാകും. മറുവശത്ത് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനം നേടിയാണ് കാമറൂണിന്റെ വരവ്. മുറത് യാകിന്റെ കീഴില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്വിറ്റ്സര്‍ലന്‍ഡ് തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് ശേഷം കളിച്ച അഞ്ച് കളിയില്‍ ഒന്നല്‍ മാത്രമാണ് കാമറൂണിന് ജയിക്കാനായത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ഉറുഗ്വായ് – സൗത്ത് കൊറിയ (ഗ്രൂപ്പ് എച്ച്)

രണ്ട് തവണ ലോകകിരീടം ചൂടിയിട്ടുള്ള ഉറുഗ്വായ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് സൗത്ത് കൊറിയയെ നേരിടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം. പുതിയ പരിശീലകന്‍ ഡിയേഗോ അലോന്‍സൊയുടെ കീഴില്‍ മികവ് പുലര്‍ത്താന്‍ ഉറുഗ്വായ്ക്കായിട്ടില്ല. മോശമല്ലാത്ത ഫലങ്ങള്‍ കളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും ലോകകപ്പില്‍ അത് മതിയാവില്ല. സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്നിന്റെ പ്രകടനമാകും സൗത്ത് കൊറിയക്ക് നിര്‍ണായകമാകുക. എന്നാല്‍ പരിക്കിന്റെ പിടിയില്‍ നിന്നും സണ്‍ എത്രത്തോളം മുക്തനായിട്ടുണ്ടെന്നത് വ്യക്തമല്ല. 90 മിനുറ്റും താരത്തെ കളത്തിലിറക്കാന്‍ പരിശീലകന്‍ തയാറായേക്കില്ല.

പോര്‍ച്ചുഗല്‍ – ഘാന (ഗ്രൂപ്പ് എച്ച്)

അവസാന ലോകകപ്പില്‍ മികവ് കാട്ടി മടങ്ങുക എന്ന ലക്ഷ്യമായിരിക്കും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്. പക്ഷെ താരത്തിന്റെ ഫോം തന്നെയാണ് പോര്‍ച്ചുഗലിന് തിരിച്ചടിയാകുക. സീസണില്‍ രണ്ട് തവണ മാത്രമാണ് താരം ഇതുവരെ ലക്ഷ്യം കണ്ടത്. ക്രിസ്റ്റ്യാനൊയെ മാത്രം ആശ്രയിക്കുന്ന ഒരു ടീമല്ല നിലവില്‍ പോര്‍ച്ചുഗല്‍. ബ്രൂണൊ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡൊ സില്‍വ, ജാവൊ ഫെലിക്സ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ പറങ്കിപ്പടയ്ക്കുണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ സന്തുലിതമായ നിരയുമായാണ് പോര്‍ച്ചുഗല്‍ ഇത്തവണയെത്തുന്നത്. പോര്‍ച്ചുഗല്‍ മുന്‍നിരയെ തടയാന്‍ ഘാനയ്ക്ക് എത്രമാത്രം കഴിയുമെന്നാണ് അറിയേണ്ടത്. സ്റ്റേഡിയം 974-ല്‍ രാത്രി ഒന്‍പതരയ്ക്കാണ് മത്സരം.

ബ്രസീല്‍ – സെര്‍ബിയ (ഗ്രൂപ്പ് ജി)

ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്രസീലിന് അനിവാര്യം നല്ല തുടക്കമാണ്. ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കണമെങ്കില്‍ റ്റിറ്റെയ്ക്കും കൂട്ടര്‍ക്കും സെര്‍ബിയക്കെതിരെ വിജയം വേണം. താരതമ്യേന ദുര്‍ബലരായ ടീമുകള്‍ വമ്പന്മാരെ അട്ടിമറിക്കുന്നത് ഇതിനോടകം തന്നെ ഫുട്ബോള്‍ ലോകം കണ്ടു കഴിഞ്ഞു. അതുകൊണ്ട് സെര്‍ബിയയെ വിലകുറച്ച് കാണാന്‍ ബ്രസീല്‍ തയാറായേക്കില്ല. ആക്രമണ ഫുട്ബോളില്‍ സാംബ താളം ചാലിച്ചുള്ള കാനറികളുടെ കളിയില്‍ എത്ര ഗോള്‍ വീഴുമെന്ന് കണ്ടറിയാം. ടീം തിരഞ്ഞെടുപ്പില്‍ റ്റിറ്റെ അല്‍പ്പം വിഷമിക്കുമെന്ന് തീര്‍ച്ചയാണ്. പേപ്പറിലെ കരുത്ത് കളത്തിലും പുറത്തെടുക്കാനായാല്‍ ആദ്യം ജയം ബ്രസീലിന് നേടാം. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് മത്സരം.

Leave A Comment