സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് തൊട്ടുപിന്നില്‍.

  • Home-FINAL
  • Business & Strategy
  • സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് തൊട്ടുപിന്നില്‍.

സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാംദിനം സമാപിച്ചു; കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് തൊട്ടുപിന്നില്‍.


കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 438 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 435  പോയിന്റുമായി രണ്ടാമത്. 432 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 421 പോയന്റുള്ള തൃശൂര്‍ നാലാം സ്ഥാനത്താണ്. 115 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.

ഹെല്‍പ് ഡെസ്‌കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളില്‍ നിന്ന്  കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിര്‍ദേശങ്ങളും മറ്റ് വിവരങ്ങളും നല്‍കി കലോത്സവ നഗരിയില്‍ ശ്രദ്ധേയമാവുകയാണ്  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക്.

ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം. കലോത്സവം നടക്കുന്ന 24 വേദികളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഉദ്യോഗസ്ഥരാണ് ഹെല്‍പ് ഡെസ്‌കില്‍ സേവനം അനുഷ്ഠിക്കുന്നത്.കലോത്സവം തുടങ്ങിയ ദിവസം മുതല്‍ നിരവധി ആളുകള്‍ ഹെല്‍പ് ഡെസ്‌കുമായി  ബന്ധപ്പെടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

നിറഞ്ഞുകവിഞ്ഞ് വേദികള്‍

കോവിഡ് സൃഷ്ടിച്ച രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ മത്സരം കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതല്‍
കലാസ്വാദകരുടെ ഒഴുക്കാണ് കാണാന്‍ സാധിച്ചത്. വേദിക്കും പുറത്തും ജനം തടിച്ചുകൂടിയതോടെ ആകെ  ഉത്സവച്ഛായയാണ് എങ്ങും. പോപ്പ്‌കോണ്‍, അതിഥി സല്‍ക്കാരമൊരുക്കി  കച്ചവടക്കാരും അണി നിരന്നതോടെ കാര്യങ്ങള്‍ പൊടിപൂരം.

മത്സരാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും മറ്റു ജില്ലകളിലുളളവരും കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്. രാവിലെ മുതല്‍ വേദികള്‍ ജനനിബിഡമായിരുന്നു. പ്രവൃത്തി ദിവസമായിട്ടു പോലും ചെറിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ്  കലോത്സവ നഗരിയിലെത്തിയത്.

ഹയര്‍സെക്കന്ററി വിഭാഗം നാടോടി നൃത്തത്തോടെയാണ്  പ്രധാന വേദിയായ വിക്രം മൈതാനിയില്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയില്‍ അരങ്ങേറി. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. സീറ്റുകള്‍ നിറഞ്ഞതോടെ വേദിയുടെ വശങ്ങളില്‍ കലാസ്വാദകര്‍ സ്ഥാനം പിടിച്ചു. ദഫ് മുട്ട്, കോല്‍ക്കളി ഉള്‍പ്പെടെയുള്ളവ നടന്ന വേദികളിലും സ്ഥിതി സമാനമായിരുന്നു. വേദി രണ്ടില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം നാടക മത്സരം കാണാനും നിരവധി പേരെത്തിയിരുന്നു.

കലോത്സവ വേദികളില്‍ സുരക്ഷയൊരുക്കാന്‍ പോലിസും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും രംഗത്തുണ്ട്. ഇനി വരുന്ന മൂന്നു നാളുകള്‍ കൂടി കോഴിക്കോട്ടെ കലോത്സവ നഗരിയിലേക്ക് ജനം ഒഴുകിയെത്തും.

Leave A Comment