സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു; 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിൽ

  • Home-FINAL
  • Business & Strategy
  • സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു; 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിൽ

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു; 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിൽ


തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞ സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 182 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാൻ്റെ മടങ്ങിവരവ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

ജൂലൈ മൂന്നിനു സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ഭരണഘടനക്കെതിരെ പരാമർശം ഉണ്ടായത്. ഇതു വിവാദമായതോടെ സിപിഎം നിർദേശത്തെ തുടർന്നു സജി ചെറിയാൻ മന്ത്രിസ്ഥാനം ഒഴിയുകയായിരുന്നു. പരാതിയിൽ സജി ചെറിയാനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിനു തെളിവ് കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് അവസാനിപ്പിക്കാനും പോലീസ് കോടതിയിൽ അപേക്ഷ നൽകി. ഇതിനിടെ, സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സജി ചെറിയാനെ മന്ത്രി സ്ഥാനത്തേക്കു തിരികെ എത്തിക്കാൻ സിപിഎം ആലോചന തുടങ്ങിയത്.

സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നു. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സജി ചെറിയാൻ്റെ മടങ്ങിവരവിനു ഗവർണർ പച്ചക്കൊടി വീശിയത്. മുഖ്യമന്ത്രി നിർദേശിക്കുന്ന മന്ത്രിയുടെ പേര് ഗവർണർക്ക് തള്ളാനാകില്ലെന്നും സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നുമായിരുന്നു ഗവർണർക്കു ലഭിച്ച നിയമോപദേശം. എന്നാൽ സജി ചെറിയാൻ്റെ മടങ്ങിവരവിൽ ഭാവിയിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം സർക്കാരിനിയാരിക്കുമെന്നു ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മുമ്പ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ തന്നെ സജി ചെറിയാനു ലഭിക്കുമെന്നാണ് സൂചന.

Leave A Comment