കശ്‌മീരിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു.

കശ്‌മീരിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു.


ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനത്തെ തുടർന്നാണ് യാത്ര നിർത്തിവെച്ചിരുന്നത്. കനത്ത സുരക്ഷയിലാണ് കഠ്‌വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ ഏഴിന് യാത്ര തുടങ്ങിയത്. ജമ്മു-പത്താൻകോട്ട് ഹൈവേ പോലീസിന്റെയും സിആർപിഎഫിന്റെയും നിയന്ത്രണത്തിലാണ് യാത്ര.

ജമ്മു കശ്‌മീരിൽ കോൺഗ്രസ് അധ്യക്ഷൻ വികാർ രസൂർ വാനിയും വർക്കിങ് പ്രസിഡണ്ട് രാമൻ ഭല്ല ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകർ ത്രിവർണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലുണ്ട്. 25 കിലോമീറ്റർ യാത്രക്ക് ശേഷം രാത്രിയിൽ ചങ്ക് നാനാക്കിൽ വിശ്രമിക്കും. തുടർന്ന് തിങ്കളാഴ്‌ച സാംബയിലെ വിജയ്‌പൂരിൽ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും.

ജോഡോ യാത്ര സമാധാനപരമായി കടന്നുപോകാൻ കനത്ത സുരക്ഷയും നിരീക്ഷണവും ശക്‌തമാക്കിയതായി ഉദ്യോഗസ്‌ഥർ അറിയിച്ചു. ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇന്നലെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജോഡോ യാത്രയും റിപ്പബ്ളിക് ദിന പരിപാടികളും അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്‌ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്‌ഥർ വിലയിരുത്തുന്നത്.

റിപ്പബ്ളിക് ദിനത്തിന് മുൻപ് ആക്രമണ സാധ്യത ഉണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ജോഡോ യാത്രയിൽ ജമ്മു കശ്‌മീരിലെ ചില ഭാഗങ്ങളിൽ കാൽനട യാത്ര നടത്തരുതെന്നും കാറിൽ സഞ്ചരിക്കണം എന്നുമായിരുന്നു കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. എന്നാൽ, യാത്ര കാൽനടയായി തന്നെ തുടരുമെന്ന് കോൺഗ്രസ് അറിയിക്കുകയായിരുന്നു.

Leave A Comment