തുര്‍ക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാൻ ബഹ്റൈൻ. ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള സംഭാവനകൾ ശേഖരിക്കുന്നത് ആരംഭിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടിയെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും , മാനുഷിക , യുവജന കാര്യങ്ങൾക്കുള്ള രാജാവിന്റെ പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. വൻ നാശം വിതച്ച ഭൂകമ്പത്തെത്തുടർന്ന് തുർക്കിക്കും സിറിയയ്ക്കും അടിയന്തര മാനുഷിക , ദുരിതാശ്വാസ സഹായം നൽകാൻ രാജാവ് നിർദ്ദേശം നൽകിയിരുന്നു.
ഭൂകമ്പബാധിതരായ ആളുകളെ പിന്തുണയ്ക്കാനും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ഇത് ലക്ഷ്യമിടുന്നു. കാമ്പെയ്‌നിന്റെ മേൽനോട്ടം വഹിക്കുന്നതിനും ഏകോപിക്കുന്നതിനും ആർഎച്ച്എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദിനെ എക്‌സിക്യൂട്ടീവ് ചീഫായി നിയമിച്ചു.ഇരു രാജ്യങ്ങളെയും സഹായിക്കാനായി രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിനിലേക്ക് സംഭാവന നല്‍കുന്നതിന്
എല്ലാ ജനങ്ങളെയും ഉൾപ്പെടുത്തുന്നതിന് സഹായകമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കുമെന്ന് ഡോ. അൽ സയ്യിദ് പറഞ്ഞു.തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്ക് പിന്തുണ നൽകാനും അതിനായുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കാനും അദ്ദേഹം സ്വകാര്യ മേഖലാ കമ്പനികളോടും അഭ്യർത്ഥിച്ചു.