ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി മെയ് മാസത്തിൽ ഇന്ത്യ സന്ദർശിക്കുമെന്ന് പാകിസ്ഥാൻ. ഗോവയിൽ വെച്ചു നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തുന്നത്. മെയ് 4,5 തീയതികളിൽ നടക്കുന്ന യോഗത്തിൽ പാകിസ്ഥാൻ സംഘത്തെ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹാറ ബലോച് പറഞ്ഞു.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ അധ്യക്ഷ സ്ഥാനം നിലവിൽ ഇന്ത്യക്കാണ്. എല്ലാ അംഗങ്ങളെയും യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിരുന്നു. ‘എസ് സി ഒയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനാൽ, പതിവുപോലെ പാകിസ്ഥാൻ അടക്കമുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ക്ഷണം നൽകിയിരുന്നു. അവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ’- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2019ലെ പുൽവാമ ആക്രമണത്തിന് ശേഷം, പാകിസ്ഥാനുമായി ഇന്ത്യ നയതന്ത്ര ബന്ധങ്ങളിൽ സഹകരിക്കുന്നില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതിൽ യുഎന്നിൽ അടക്കം പാകിസ്ഥാൻ ഇന്ത്യയുമായി കൊമ്പുകോർക്കുന്നുണ്ട്.