ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം. എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ജൂലൈ വരെ ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിച്ചു. കേസ് ഇനി പരിഗണിയ്ക്കുന്നത് ജുലൈയിലാണ്.
എ. രാജയ്ക്ക് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാം. ശമ്പളവും അലവൻസും എന്നാൽ അന്തിമ വിധിയ്ക്ക് അനുസ്യതമായിരിക്കും. വോട്ട് ചെയ്യാനും രാജയ്ക്ക് അവകാശം ഉണ്ടാകില്ല.
2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഫട്ടത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത് വ്യാജ ജാതിസർട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടിക ജാതി, പട്ടിക വർഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.