മാനമ: കണ്ണിനും കാതിനും മനസ്സിനും ആസ്വാദനത്തിന്റെ അനുഭുതിയുമായാണ് ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ കേരളീയസമാജം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ നൃത്ത സംഗീതോത്സവമായ ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവം തുടരുന്നത്. മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് വെള്ളിയാഴ്ച പരിപാടി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങൾ കലാസ്വാദകരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഉത്സവദിനങ്ങളാണ്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി എന്നിവർ അതിഥികളായി.
ചടങ്ങിൽ ലൈറ്റ് ആൻഡ് ഷെയ്ഡ് ഷോകളുടെ കുലപതിയും സൂര്യ എന്ന കലാപ്രസ്ഥാനത്തിന്റെ സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് മന്ത്രി വി. മുരളീധരൻ വിശ്വകലാരത്ന പുരസ്കാരം സമ്മാനിച്ചു. തുടർന്ന് നടന്ന നടി ശോഭനയുടെ ഭരതനാട്യം അനുവാചകരുടെ കണ്ണും കരളും കുളിർപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിക്ക് സുധാ രഘുനാഥൻ കർണാടകസംഗീതം അവതരിപ്പിച്ചു. പ്രശാന്ത് ഗോവിന്ദപുരമാണ് സംഗീതോത്സവത്തിനു ചുക്കാൻ പിടിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് പ്രോഗ്രാം ഡയറക്ടർ. മേയ് 8 – രാത്രി എട്ട് മണിക്ക് ബഹ്‌റൈൻ റേവൻസ് ബാൻഡിന്റെ മ്യൂസിക്കൽ ഫ്യൂഷനും നടന്നു. മേയ് 9 – രാത്രി എട്ട് മണിക്ക് സൂര്യഗായത്രിയുടെ കച്ചേരി മേയ് 10 – രാത്രി എട്ട് മണിക്ക് ഉസ്താദ് റാഷിദ് ഖാന്റെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിമേയ്11 – രാത്രി എട്ട് മണിക്ക് പങ്കജ് ഉദാസിന്റെ കച്ചേരി മേയ് 12 – രാത്രി ഏഴ് മണിക്ക് അരുണ സായിറാമിന്റെ കർണാടക സംഗീതക്കച്ചേരിയും നടക്കും.