മനാമ: വിദേശ രാജ്യങ്ങളിൽ പലവിധ കാരണങ്ങളാൽ ദുരിതത്തിൽ അകപ്പെടുന്ന പ്രവാസികൾക്ക് സഹായവും ആശ്വാസവുമാകേണ്ട ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹതപ്പെട്ട ആളുകൾക്ക് വേണ്ടത്ര ഉപയോഗപ്പെടുന്നില്ല എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിലൂടെ വ്യക്താവുന്നത്.
പ്രവാസികളിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ദുരിതത്തിൽ അകപ്പെടുന്ന പ്രവാസി ഇന്ത്യക്കാർക്ക് അതത് ഘട്ടങ്ങളിൽ കാര്യക്ഷമമായി വിനിയോഗിക്കണം. പലപ്പോഴും ഫണ്ടുകൾ കിട്ടാതിരിക്കുമ്പോൾ സാമൂഹിക പ്രവർത്തകരുടെയും മറ്റ് പ്രവാസികളുടെയും കാരുണ്യത്തിന് കൈനീട്ടുന്ന ദുരവസ്ഥ മാറണം എന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. മറ്റ് മാർഗങ്ങളിലൂടെ ആവശ്യ ഘട്ടങ്ങളിൽ സഹായധനം ലഭിക്കാത്തവർക്ക് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടും ലഭ്യമാക്കാത്തത് നീതിക്ക് നിരക്കാത്ത പ്രവർത്തിയാണ്.
അർഹതപ്പെട്ട ഏതൊരു ഇന്ത്യൻ പ്രവാസിക്കും കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അതത് അവസരങ്ങളിൽ ചരടുകൾ ഇല്ലാതെ ലഭ്യമാക്കണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.