കുട്ടികൾക്ക് നവ്യാനുഭവമായി “സമ്മർ ഡിലൈറ്റ്”

  • Home-FINAL
  • Business & Strategy
  • കുട്ടികൾക്ക് നവ്യാനുഭവമായി “സമ്മർ ഡിലൈറ്റ്”

കുട്ടികൾക്ക് നവ്യാനുഭവമായി “സമ്മർ ഡിലൈറ്റ്”


ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിപാടികളുടെ വ്യത്യസ്തതയും പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കിട്ടിയിരിക്കുകയാണ് ഈ ക്യാമ്പിലൂടെ. ഗൾഫിൽ വേനലവധിക്കാലം കുട്ടികൾക്ക് പലപ്പോഴും വളരെ വിരസവും അരോചകവുമാവുമ്പോൾ “സമ്മർ ഡിലൈറ്റിലൂടെ” കുട്ടികൾ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കുകയാണ്. രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള ക്യാമ്പിൽ ഉൽസാഹ പൂർവം എത്തുന്ന കുട്ടികളെ 10 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും മെന്റേഴ്സിനെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പിന്റെ കാമ്പ് കുട്ടികൾക്ക് കിട്ടാനും ഫീഡ്ബാക്കിനും ഇതേറെ പ്രയോജനകരമാണ്.

ക്യാമ്പിന്റെ ഭാഗമായി ബഹ്‌റൈൻ നാഷണൽ മ്യൂസിയം സന്ദർശിച്ചത് കുട്ടികൾക്ക് തങ്ങൾ ജീവിക്കുന്ന നാടിനെ കുറിച്ചുള്ള പുതിയ അറിവുകൾ പ്രദാനം ചെയ്യുന്നതായി മാറി. സാധാരണ കുട്ടികൾ കുടുംബവുമായി മ്യൂസിയം സന്ദർശിക്കാറുണ്ടെങ്കിലും അതൊക്കെ കേവലസന്ദർശനവും വിനോദവുമായി ചുരുങ്ങാറാണ് പതിവ്. എന്നാൽ കുട്ടികൾ തങ്ങളുടെ ട്രെയിനർമാരുടെയും മെന്റർമാരുടെയും കൂടെ അറിവുകളുടെയും ചരിത്രത്തിന്റെയും ഏടുകളിലേക്കാണ് എത്തി നോക്കിയത്. ബഹ്‌റൈൻ സംസ്കാരം, പൈതൃകം, ചരിത്രം എന്നിവ മ്യൂസിയം ഗൈഡുകളുടെ വിവരണത്തിലൂടെ ഏറെ മനസ്സിലാക്കാൻ സാധിച്ചതായി കുട്ടികൾ പറഞ്ഞു.

തങ്ങൾക്ക് പരിചിതമല്ലാത്ത ഗൾഫ് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നതായിരുന്നു കുട്ടികൾക്ക് ലേബർ ക്യാമ്പ് വിസിറ്റ്. “എ പർപ്പസ്ഫുള്ളി ജേർണി ടു ലേബർ ക്യാമ്പ്” എന്ന തലക്കെട്ടിലായിരുന്നു യാത്ര. അവിടെയുള്ള തൊഴിലാളികളുമായി വിശേഷം പങ്കു വെക്കാനും അവരുടെ ജീവിത പരിസരങ്ങളെ അടുത്തറിയാനും ഇതിലൂടെ സാധിച്ചു. കുട്ടികളുടെ അന്വഷണങ്ങൾക്കും സംശയങ്ങൾക്കും തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് പ്രതികരിച്ചത്. അവരുടെ കിടപ്പുമുറികൾ, അടുക്കള, കളിസ്ഥലം, ഭക്ഷണമുറികൾ എന്നിവയും കുട്ടികൾ സന്ദർശിച്ചു. തൊഴിലാളികളും കുട്ടികളും പാടിയും പറഞ്ഞുമൊക്കെ ഈ സന്ദർശനം അവരുടെ ജീവിതത്തിലെ അവിസ്മരണീയമായൊരു അനുഭവമാക്കി മാറ്റി. തങ്ങളുടെ കയ്യിൽ കരുതിയ പലഹാരങ്ങളും മിഠായികളും അവർക്ക് നൽകിയാണ് ലേബർ ക്യാമ്പിൽ നിന്നും മടങ്ങിയത്.

ബഹ്‌റൈനിലെ പ്രമുഖ തായ്‌ക്കോണ്ടോ പരിശീലകൻ എം.എം ഫൈസലിന്റെ “പഞ്ചിങ് & കിക്കിങ്ങ് ടെക്നിക്ക്”, ഡോ. അനൂപ് അബ്ദുല്ലയുടെ ഹെൽത് & ഹൈജീൻ ടിപ്‌സുകൾ, യോഗ പരിശീലക ഫാത്തിമ അൻവറിന്റെ “കാം ബോഡി, കാം സോൾ”, നൗർ ഹമീദും ശബീഹ ഫൈസലും അവതരിപ്പിച്ച “സോഷ്യലൈസേഷൻ”, വഫ ഷാഹുലും ഹെന ജുമൈലും അവതരിപ്പിച്ച “അബാക്കസ് – ഈസി മാത്തമാറ്റിക്സ്” തുടങ്ങിയ സെഷനുകളും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുട രക്ഷിതാക്കൾക്ക് വേണ്ടി “ഹാപ്പി ഫാമിലി” എന്ന പ്രത്യേക സെഷനും ഏറെ ഉപകാരപ്രദമായിരുന്നു.

നാടൻ കളികൾ, പേപ്പർ ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പ്രതിശീലനം, കരിയർ & ലൈഫ് സ്‌കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി , എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്‌മെന്റ്, ക്രിയേറ്റിവ് സ്‌കിൽ എൻഹാൻസ്മെന്റ്, ടെക്‌നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികാസം തുടങ്ങിയ മേഖലയിലെ അവതരണങ്ങളും പരിശീലനങ്ങളുമായി ക്യാമ്പ് പുരോഗമിക്കുകയാണ്. കൂടാതെ വിവിധ ഗെയിമുകള്‍, കലാമല്‍സരങ്ങൾ , പ്രദര്‍ശനങ്ങൾ, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്നുണ്ട്.

ടീൻസ് ഇന്ത്യ കൺവീനർ ലൂന ഷഫീഖ്, മലർവാടി കൺവീനർ റഷീദ സുബൈർ, അസ്‌റ അബ്ദുല്ല, ഹെന ജുമൈൽ, വഫ ഷാഹുൽ ഹമീദ്, സമീറ നൗഷാദ്, ഫാത്തിമ സ്വാലിഹ്, ശബീഹ ഫൈസൽ, റസീന അക്ബർ, ബുഷ്‌റ അബ്ദുൽ ഹമീദ്, നൗർ ഹമീദ്, ഷഹീന നൗമൽ എന്നിവരാണ് ക്യാമ്പ് മെന്റർമാർ.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഇതാദ്യമായാണ് ഇത്തരമൊരു അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വിയും ക്യാമ്പ് ഡയറക്ടർ എം.
എം സുബൈറും വ്യക്തമാക്കി. ജൂലൈ ഏഴിന് രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ഉത്സവച്ഛായയിൽ ആരംഭിച്ച ക്യാമ്പ് ആഗസ്റ്റ് നാല് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടു കൂടിയായിരിക്കും സമാപിക്കുക.

ക്യാമ്പ് കൺവീനർ പി.പി ജാസിർ, ഫ്രന്റ്‌സ് സെക്രട്ടറി യൂനുസ് രാജ്, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ഏരിയാ പ്രെസിഡന്റുമാരായ ഷമീം ജൗദർ, സമീർ ഹസൻ, നൗഫൽ സി.കെ എന്നിവരും ക്യാമ്പിന് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു.

Leave A Comment