ബഹ്റൈനിലെ ഇന്ത്യൻ എംബസി ജൂൺ 21-ന് “ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിന് യോഗ” എന്ന പ്രമേയത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

ജൂൺ 21-ന് ബഹ്റൈൻ കേരളീയ സമാജത്തിൽ എംബസി സംഘടിപ്പിച്ച പരിപാടിയിൽ 500-ലധികം യോഗ പ്രേമികൾ പങ്കെടുത്തു.

ചടങ്ങിൽ ഏപ്രിൽ മാസത്തിൽ ദില്ലിയിൽ നടന്ന രണ്ടാമത് ഏഷ്യൻ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ബഹ്റൈൻ യോഗാസന ടീമിനെ അംബാസഡർ ഹിസ് എക്സലൻസ വിനോദ് കെ. ജേക്കബ് അഭിനന്ദിച്ചു.

ഇന്ത്യയുടെ ആയുഷ് മന്ത്രാലയം പുറത്തിറക്കിയ അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ പ്രദർശനവും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിരുന്നു .

തുടർന്ന് നിലവിൽ തുടരുന്ന പശ്ചിമേഷ്യയിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബഹ്റൈൻ നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്ത നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന വീഡിയോകളും പ്രദർശിപ്പിച്ചു.

ബഹ്റൈനീലെ ഇന്ത്യൻ ജനത എൻസിപിപിയിലെ നിർദ്ദേശങ്ങൾ പാലിക്കാനും അംബാസഡർ തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.ബഹ്റൈനിലുടനീളം വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളും സ്കൂളുകളും യോഗയുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും സംരംഭങ്ങളും സംഘടിപ്പിച്ചിരുന്നു.

യോഗ ദിനാചരണങ്ങൾ വൻ വിജയമാക്കി തീർത്ത വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകൾ, സ്കൂളുകൾ, ഇന്ത്യയിലെയും ബഹ്റൈനിലെയും യോഗ പ്രേമികൾ എന്നിവർക്ക് എംബസി നന്ദി അറിയിച്ചു.

