പശ്ചിമേഷ്യയില്‍ സംഘർഷങ്ങൾ തുടരുന്നതിനാൽ സൂക്ഷ്മ നിരീക്ഷണവും,സുരക്ഷ മുൻകരുതലുകളും വർദ്ധിപ്പിച്ച് ബഹ്‌റൈൻ .ബഹ്റൈനില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ നേവല്‍ ബേസിലടക്കം ആക്രമണം നടത്തുമെന്നും ഹോർമുസ് കടലിടുക്ക് അടക്കുമെന്നും വാർത്തകൾ പരന്നതോടെ ബഹ്റൈനിലടക്കം കനത്ത സുരക്ഷയാണൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക വർധിച്ചത്.മേഖലയിലെ സംഭവവികാസങ്ങള്‍ ബഹ്‌റൈൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. സംഘർഷാവസ്ഥയും സൈനിക നടപടികളും നിർത്തലാക്കുന്നതിന് പ്രാദേശിക, അന്തർദേശീയ ശ്രമങ്ങള്‍ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം അറിയിച്ചു.നിലവിലെ പ്രതിസന്ധി നയതന്ത്രപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിന് യു.എസും ഇറാനും തമ്മിലുള്ള ചർച്ചകള്‍ വേഗത്തില്‍ പുനരാരംഭിക്കാനും നിർദേശിച്ചു.

