കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 78,000 ത്തിലെത്തി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 78,440 രൂപയായി. ഗ്രാമിന് 9805 രൂപയാണ് ഇന്നത്തെ വില. അതേസമയം പണിക്കൂലിയും ജി.എസ.ടിയുമെല്ലാം വരുമ്പോൾ 85,000 രൂപയോളം ഒരു പവൻ വാങ്ങാൻ നൽകേണ്ടേ വരും. ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുത്തതോടെയാണ് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് പണമൊഴുക്ക് ശക്തമാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,500 ഡോളർ കവിഞ്ഞു.
കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 160 രൂപ ഉയർന്ന് 77,800 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില തുടർച്ചയായി ഉയരുകയാണ്. ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 34 ശതമാനം വർദ്ധനയാണുണ്ടായത്. ദീപാവലിയോടെ പവൻ വില വില 80,000 രൂപയിലെത്തുമെന്നാണ് വിലയിരുത്തുന്നത്.

