ബഹ്റൈനില്‍ തൊഴിലുടമയുടെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച മലയാളി യുവതി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലും മനാമയിലെ ഇന്ത്യൻ എംബസിയുടെ ഏകോപിത നടപടികളുമാണ് എറണാകുളം സ്വദേശിയായ പ്രഭയെ സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കാൻ സഹായിച്ചത്.ജൂണ്‍ മാസത്തിൽ വീട്ടുജോലിക്കാരിയായി ബഹ്റൈനിലെത്തിയത് പ്രഭ എന്ന യുവതി തൊഴിലുടമയുടെ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് ഇരയായി, ഭക്ഷണം പോലും ലഭിക്കാതെ വളരെ ക്ഷീണിച്ച അവസ്ഥയില്‍ ആയിരുന്നു. തന്റെ ദുരവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിച്ച പ്രഭയുടെ ശബ്ദം, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍ എത്തിയതോടെയാണ് രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ചുവടുവെപ്പ് ആരംഭിച്ചത്.സുരേഷ് ഗോപി ഉടൻ തന്നെ മനാമയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രഭയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ബഹ്റൈൻ അധികൃതരുടെ സഹകരണത്തോടെ എംബസി ഉദ്യോഗസ്ഥർ, പ്രഭയെ വേഗത്തില്‍ കണ്ടെത്തുകയും അവർക്ക് ആവശ്യമായ മാനസികവും ശാരീരികവുമായ പിന്തുണ നല്‍കുകയും ചെയ്തു.

