”എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു, വേട്ടയാടരുത്”: വേദനയായി ബിജെപി കൗൺസിലറുടെ ആത്മഹത്യക്കുറിപ്പ്

  • Home-FINAL
  • Kerala
  • ”എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു, വേട്ടയാടരുത്”: വേദനയായി ബിജെപി കൗൺസിലറുടെ ആത്മഹത്യക്കുറിപ്പ്

”എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു, വേട്ടയാടരുത്”: വേദനയായി ബിജെപി കൗൺസിലറുടെ ആത്മഹത്യക്കുറിപ്പ്


തിരുവനന്തപുരം: ഓഫിസിൽ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിന്റെ (കെ.അനിൽകുമാർ-58 ) ആത്മഹത്യക്കുറിപ്പ് വേദനയാകുന്നു. അവസാനമായി എഴുതിയ കുറിപ്പിൽ സഹായിച്ച എല്ലാവർക്കും നന്ദിയും പറയുന്നുണ്ട്. ‘വലിയശാല ഫാം ടൂർ സഹകരണസംഘത്തിന് ആറുകോടിയോളം രൂപയുടെ ബാധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്കു കൊടുക്കണം. ഇതിന്റെപേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. ഞാനും കുടുംബവും ഒരു പൈസപോലും എടുത്തിട്ടില്ല’- അനിൽ എഴുതി.

മരണാനന്തരചടങ്ങുകൾക്കുള്ള പണമെന്ന് രേഖപ്പെടുത്തി ഒരു കവറിൽ പണവും ഓഫീസിൽ കരുതിയിരുന്നു. ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേരു പറയുന്നില്ല. കുടുംബത്തെ വേട്ടയാടരുതെന്നും അനിലിന്റെ കുറിപ്പിലുണ്ട്. പണം ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകർക്കു പണം പിരിച്ച് തിരികെനൽകാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി അനിൽ ശ്രമിക്കുന്നുണ്ടായിരുന്നെന്ന് അടുപ്പമുള്ളവർ പറഞ്ഞു. വായ്പയെടുത്തവർ കൃത്യമായി തിരിച്ചടയ്ക്കാത്തതാണ് സംഘത്തെ ബാധിച്ചത്. വായ്പ കുടിശ്ശികയടക്കം പിരിച്ചെടുക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. വ്യക്തിപരമായ ബന്ധമുള്ളവരടക്കം സംഘത്തിൽ നിക്ഷേപം നടത്തിയിരുന്നു. ഇവർക്ക് അത്യാവശ്യത്തിനു പണം നൽകാനാവാത്തതാണ് അനിലിനെ കൂടുതൽ മാനസികസംഘർഷത്തിലാക്കിയത്.

സംഘത്തിലെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാണെന്നും ആത്മഹത്യ ചെയ്യുമെന്നും അടുത്ത ആളുകളോട് അനിൽ പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെതന്നെ അനിൽകുമാർ ഓഫീസിലെത്തിയിരുന്നു. രാവിലെ ക്ഷേത്രദർശനം നടത്തിയാണ് ഓഫീസിലേക്കു പോയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിലായിരുന്നു അനിലെന്ന് സഹപ്രവർത്തകർ പറയുന്നു.

പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വായ്പ എടുത്തവർ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകർച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വർഷം മുൻപാണ് വലിയശാലയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനിൽ ചിലരുടെ നിക്ഷേപം തിരികെ നൽകിയതായും സൂചനയുണ്ട്.

നിക്ഷേപം തിരികെ നൽകാത്തതു സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു. സംഘത്തിലെത്തി ബഹളംവച്ചതിന് ഒരു നിക്ഷേപകനെതിരെ ഭാരവാഹികൾ നൽകിയ പരാതി പിന്നീട് ഒത്തുതീർപ്പായിരുന്നു. കോർപറേഷൻ മുൻ കൗൺസിലിൽ തൃക്കണ്ണാപുരം വാർഡിനെയും അനിൽ പ്രതിനിധീകരിച്ചിരുന്നു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും നേമം മണ്ഡലം പ്രസിഡന്റുമായിരുന്നു. ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലും 11ന് തിരുമല ജംക്ഷനിലും വീട്ടിലും പൊതുദർശനത്തിനു ശേഷം ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടത്തും.

Leave A Comment