തിരുവനന്തപുരം: ആഡംബര കാർ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകന്റെ തലയിൽ പിതാവ് കമ്പിപ്പാര കൊണ്ട് അടിച്ചു. വഞ്ചിയൂർ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ ഉന്തും തള്ളും ഉണ്ടാകുകയും പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരുക്കേറ്റ ഹൃത്വിക്ക് (22) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹൃത്വിക്കിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
വിജയാനന്ദന്റെ ഏക മകനാണ് ഹൃത്വിക്. ഒരു വർഷം മുൻപ് വിജയാനന്ദൻ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തു. ആഡംബര കാർ വാങ്ങണമെന്ന് കുറച്ചു ദിവസങ്ങളായി ഹൃത്വിക്ക് പിതാവിനോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. കാർ വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇല്ലെന്ന് പറഞ്ഞെങ്കിലും മകൻ കേട്ടില്ല. ഇതാണ് വഴക്കിലെത്തിയത്. വഴക്കിനിടെ ഇയാൾ മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതു ചെറുക്കുന്നതിനിടെയാണ് പിതാവ് കമ്പിപ്പാര എടുത്ത് മകന്റെ തലയ്ക്കടിച്ചത്.

