ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി(34) വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി തോൽപ്പിച്ചത്. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. ഇന്ത്യൻ സമയം ഇന്നു രാവിലെ 7.30നാണ് വോട്ടെടുപ്പ് പൂർത്തിയായത്. പിന്നാലെ ഫലം പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളുടെ കടുത്ത വിമർശകനായ മംദാനിയുടെ ജയം ട്രംപിനു കടുത്ത തിരിച്ചടിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് കുമോയെ ആണ് പിന്തുണച്ചിരുന്നത്. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോർക്ക് തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു വാദം. മംദാനി വിജയിച്ചാൽ അത് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാർഥികളായ അബിഗേൽ സ്പാൻബെർഗർ വിർജിനിയ ഗവർണറായും മിക്കി ഷെറിൽ ന്യൂജഴ്‌സി ഗവർണറായും തിരഞ്ഞെടുക്കപ്പെട്ടു.

