ലയണൽ മെസ്സിയേക്കാൾ കേമൻ താനാണെന്ന വാദം വീണ്ടും ഉയർത്തി പോർചുഗൽ സ്റ്റാർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനുമായുള്ള പുതിയ അഭിമുഖത്തിലാണ് റൊണാൾഡോ വീണ്ടും തന്റെ വാദം ഉയർത്തിയത്. ‘ആളുകൾ പറയുന്നത് മെസ്സി നിങ്ങളേക്കാൾ കേമനാണെന്നാണ്. താങ്കളുടെ അഭിപ്രായം എന്തായിരുന്നു?’ എന്നായിരുന്നു മോർഗന്റെ ചോദ്യം. ‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ആ അഭിപ്രായം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’-എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ചിരിയോടെയുള്ള മറുപടി.
മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയ്‌ക്കൊപ്പം ഇംഗ്ലണ്ടിന്റെ വിഖ്യാത താരം വെയ്ൻ റൂണിയുടെ അഭിപ്രായവും അഭിമുഖത്തിൽ ചർച്ചയായി. റൊണാൾഡോയേക്കാൾ മികച്ച കളിക്കാരൻ മെസ്സിയാണെന്ന് റൂണി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയപ്പോൾ ‘അത് എന്നെ അലോസരപ്പെടുത്തുന്നില്ല ‘ എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ മറുപടി.
ലോകത്തെ ശതകോടീശ്വരനായ ആദ്യ കായികതാരമെന്ന പദവി സ്വന്തമാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഈ പറഞ്ഞത് ശരിയല്ല. ഞാൻ വർഷങ്ങൾക്കുമുമ്പേ ശതകോടീശ്വരൻ ആയിട്ടുണ്ടെന്നായിരുന്നു റൊണാൾഡോയുടെ മറുപടി. നവംബർ നാലിന് അഭിമുഖത്തിന്റെ പൂർണരൂപം പിയേഴ്‌സ് മോർഗന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യും.

