ദുബായ്: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധ വിമാനം എയർ ഷോയിൽ പ്രാദേശിക സമയം 2.15ന് ആണ് ടേക്ക് ഓഫ് ചെയ്തത്. ഒരു പൈലറ്റ് ഉള്ള മാത്രമുള്ള സിംഗിൾ എൻജിൻ, ലൈറ്റ് വെയ്റ്റ് യുദ്ധവിമാനമാണിത്. 8 മിനിറ്റ് നേരമായിരുന്നു പ്രകടനം. നിശ്ചയിച്ച പ്രകാരം വിമാനം രണ്ടു തവണ റോൾ ഓവർ ചെയ്‌തെങ്കിലും മൂന്നാമത്തെ ശ്രമത്തിനിടയിൽ വിമാനത്താവളത്തിനു പുറത്തേക്കു നീങ്ങി അതിവേഗം നിലത്തേക്കു പതിച്ച് തീഗോളമായി. അതേ സമയം പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിങ് കമാൻഡർ തേജേശ്വർ സിങ് വിമാനം പറത്തുമെന്നായിരുന്നു ആദ്യം അറിയിപ്പുണ്ടായിരുന്നത്. അപകട സമയത്ത് വിങ് കമാൻഡർ തന്നെയാണോ വിമാനം പറത്തിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലാണ് നവംബർ 17 മുതൽ അഭ്യാസപ്രകടനങ്ങൾ തുടങ്ങിയത്. എയർ ഷോയുടെ അവസാന ദിവസമായ ഇന്ന്, ഉച്ചയ്ക്കു ശേഷം ഇന്ത്യയുടെ സൂര്യകിരൺ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്. ഇത് വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ എഫ്35 വ്യോമാഭ്യാസം നടത്തി. ഇതിനു പിന്നാലെയാണ് തേജസ് പറന്നുയർന്നത്. നേരെ മുകളിലേക്ക് ഉയരുന്ന വെർട്ടിക്കൽ ടേക്ക് ഓഫ് ആണ് തേജസ് നടത്തിയത്.

