സർവിസ് താളം തെറ്റൽ:ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ

  • Home-FINAL
  • International
  • സർവിസ് താളം തെറ്റൽ:ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ

സർവിസ് താളം തെറ്റൽ:ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ


ന്യൂഡൽഹി:
കഴിഞ്ഞ മാസം ഇൻഡിഗോ എയർലൈൻസിൽ ഉണ്ടായ വ്യാപകമായ വിമാന സർവീസ് താളം തെറ്റലിൽ സിവിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 22.2 കോടി രൂപ പിഴ ചുമത്തി. DGCAയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ദീർഘകാല സംവിധാനപരമായ തിരുത്തലുകൾ നടപ്പാക്കുന്നതിനുമായി 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും ഇൻഡിഗോ ക്ക് നിർദേശം നൽകി.
ഡിസംബർ 3 മുതൽ 5 വരെ രാജ്യത്തുടനീളം ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി വൈകുകയും റദ്ദാകുകയും ചെയ്ത സാഹചര്യങ്ങൾ പരിശോധിക്കാൻ DGCA നിയോഗിച്ച നാലംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ശനിയാഴ്ചയാണ് സമർപ്പിച്ചത്. വിമാന സർവീസ് തകരാറിന് പിന്നിലെ പ്രധാന കാരണങ്ങളായി റെഗുലേറ്ററി തയ്യാറെടുപ്പിലെ കുറവ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ അപര്യാപ്തത, മാനേജ്മെന്റിലും ഓപ്പറേഷണൽ കൺട്രോളിലും ഉണ്ടായ വീഴ്ചകൾ എന്നിവയാണ് സമിതി ചൂണ്ടിക്കാട്ടിയത്.
പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടതും, ആവശ്യമായ ഓപ്പറേഷണൽ ബഫർ നിലനിർത്താൻ കഴിയാതിരുന്നതുമാണ് വൻതോതിലുള്ള റദ്ദാക്കലുകൾക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ അസൗകര്യം ഉണ്ടായി.
ദീർഘകാല പരിഷ്‌കരണ നടപടികൾക്ക് ശുപാർശ ചെയ്ത സമിതി, “യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ സമതുലിതമായ ഓപ്പറേഷണൽ പ്ലാനിങ്, ശക്തമായ റെഗുലേറ്ററി തയ്യാറെടുപ്പ്, ഫലപ്രദമായ മാനേജ്മെന്റ് മേൽനോട്ടം എന്നിവ അനിവാര്യമാണെന്ന് പറഞ്ഞു.
ക്രൂ, വിമാനങ്ങൾ, നെറ്റ്‌വർക്ക് വിഭവങ്ങൾ എന്നിവയുടെ പരമാവധി ഉപയോഗത്തിലേക്കുള്ള അതിരുകടന്ന ശ്രദ്ധയാണ് റോസ്റ്റർ ബഫർ ഗണ്യമായി കുറയാൻ കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനൊപ്പം, ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന്റെ സീനിയർ വൈസ് പ്രസിഡന്റിനെ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കാനും DGCA ഉത്തരവിട്ടു. ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ സിഇഒ പീറ്റർ എൽബേഴ്സിന് വിമാന ഓപ്പറേഷനുകളിലും പ്രതിസന്ധി മാനേജ്മെന്റിലും ആവശ്യമായ മേൽനോട്ടം പുലർത്താത്തതിൽ കർശന മുന്നറിയിപ്പും നൽകി.
വിമാന സർവീസുകളിലെ അസ്ഥിരത ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ തുടരുമെന്നതാണ് DGCAയുടെ നിലപാട്.

Leave A Comment