കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ആരംഭിച്ചു.

