കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 61 റണ്‍സിന്റെ വമ്പന്‍ ജയം. ഇതോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ മറുപടി 18 ഓവറില്‍ 114 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ഇന്ത്യയുടെ വിജയശില്‍പ്പി.
പാകിസ്ഥാന്റെ തുടക്കം ദയനീയമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍ സഹിബ്‌സദാ ഫര്‍ഹാന്റെ 0(4) വിക്കറ്റും നഷ്ടമായി. രണ്ടാം ഓവറില്‍ സയീം അയൂബ് 6(2), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 4(4) എന്നിവരെ ബുംറയും മടക്കിയപ്പോള്‍ പാക് സ്‌കോര്‍ 13ന് മൂന്ന്. അഞ്ചാം ഓവറില്‍ മുന്‍ നായകന്‍ ബാബര്‍ അസം 5(7) അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി .
അഞ്ചാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ 44(34) മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. 11ാം ഓവറില്‍ അക്‌സറിന് വിക്കറ്റ് നല്‍കി ഉസ്മാന്‍ ഖാന്‍ പുറത്തായതോടെ പാകിസ്ഥാന്‍ ഏറെക്കുറേ മത്സരം കൈവിട്ടിരുന്നു. അടുത്തടുത്ത ഓവറുകളില്‍ മുഹമ്മദ് നവാസ് 4(5), ഷദാബ് റാന്‍ 14(15) എന്നിവരും മടങ്ങിയതോടെ 78ന് ഏഴ് എന്ന നിലയിലേക്ക് പാകിസ്ഥാന്‍ മുട്ടുകുത്തി. ഫഹീം അഷ്‌റഫ് 10(14), അബ്രാര്‍ അഹമ്മദ് 0(1) എന്നിവര്‍ പുറത്തായതോടെ പാകിസ്ഥാന്‍ 97ന് ഒമ്പത് എന്ന നിലയിലേക്ക് വീണു.
18ാം ഓവറിലെ അവസാന പന്തില്‍ ഉസ്മാന്‍ താരിഖും പുറത്തായതോടെ പാകിസ്ഥാന്‍ ഇന്നിംഗ്‌സിന് തിരശീല വീണു.

