ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം- വി.ഡി. സതീശൻ

  • Home-FINAL
  • Kerala
  • ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം- വി.ഡി. സതീശൻ

ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം- വി.ഡി. സതീശൻ


കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും ‘അഭിനയം’ മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ കഴുത്തും കൈയും കെ.എസ്.യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് സതീശൻ പറഞ്ഞു. ഇതിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും സർക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave A Comment