നാളുകളായി സംഘർഷം നിലനിൽക്കുന്ന ഇറാനിലേക്ക് ഇസ്രയേൽ യു.എസ് സംയുക്ത ആക്രമണം ഉണ്ടായതായി സൂചന. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസ് സമുച്ചയത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.ഇതിന് പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുർ സ്ട്രീറ്റിന് സമീപത്തുനിന്ന് കനത്തപുക ഉയരുന്നതായും വിവരമുണ്ട്. ഇറാന്റെ പ്രസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിന് നേർക്കും ആക്രമണമുണ്ടായി. ഇറാന്റെ പരമാധികാരി അയത്തൊള്ള ഖമനേയിയയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.യുഎസും ആക്രമണത്തിൽ പങ്കുചേർന്നതായാണ് സൂചനകൾ. ഇറാൻ്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ചെയ്തതാണിതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിന് നേർക്ക് മിസൈലുകൾ വന്ന് പതിക്കാനുള്ള സാധ്യത മുൻനിർത്തി സൈറണുകൾ മുഴക്കിയതായി സൈന്യവും അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ഒത്തുചേരലുകൾ തുടങ്ങിയവയ്ക്ക് തൽക്കാലത്തേക്ക് സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അവശ്യസേവന വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.
അതേ സമയം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി സുരക്ഷിത താവളത്തിലേക്കു മാറി. നിലവിൽ ടെഹ്റാനിൽ ഇല്ലെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഘർഷത്തിന് പിന്നാലെ ഇറാനും വ്യോമപാത അടച്ചിട്ടുണ്ട്. മെഹ്റാബാദ് വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം നടക്കുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസി എല്ലാ ഉദ്യോഗസ്ഥർക്കും ഷെൽട്ടർ–ഇൻ–പ്ലേസ് നടപ്പിലാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൗരൻമാരും ഇതു പാലിക്കണമെന്ന് ശുപാർശ ചെയ്തു. ഷെൽട്ടർ–ഇൻ–പ്ലേസ് എന്നത് അടിയന്തര സുരക്ഷാ നിർദേശമാണ്. പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കാതെ ഇപ്പോൾ ഉള്ള സ്ഥലത്തുതന്നെ സുരക്ഷിതമായി തുടരുക എന്നതാണ് അതിന്റെ അർഥം. വീടിനുള്ളിൽ തുടരുക, ജനലുകളും വാതിലുകളും അടയ്ക്കുക, പുറത്തെ ചലനം ഒഴിവാക്കുക, ഔദ്യോഗിക നിർദേശങ്ങൾ കാത്തിരിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

