ബഹ്റൈനിലെ ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് എന്നീ മേഖലകളിലുള്ളവർ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ഭാഗങ്ങളിൽ നിലവിൽ അണച്ചുകൊണ്ടിരിക്കുന്ന തീപിടുത്തത്തെത്തുടർന്നുണ്ടാകുന്ന പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.മേഖലയിലെ താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും ജനലുകളും വെന്റിലേഷൻ ദ്വാരങ്ങളും പൂർണ്ണമായും അടച്ചിടണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതിയ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

