കട്ടക്ക്: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് അപകടം . 11 ജീവനക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ഇവർക്ക് തീപ്പൊള്ളലേറ്റത്.
ട്രോമാ കെയർ വിഭാഗത്തിലെ ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ പാർപ്പിച്ചിരുന്നയിടത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഐസിയുവിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വന്നതാണ് വൻ തീപിടിത്തത്തിലേക്ക് നയിച്ചത്. സംഭവത്തിൽ 10 പേർ മരിച്ചതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദർശിച്ചു.
മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി 25 ലക്ഷംരൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

