കണ്ണൂർ: നിയമസഭാതിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ച മുൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഒടുവിൽ പാർട്ടി വിധേയനായി തിരിച്ചെത്തി. പുലർച്ചെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് അനുയായികൾ കാത്തു നിന്നിരുന്നു. പാർട്ടിക്ക് വിധേയനായിരിക്കുമെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയതോടെയാണ് മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്.പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ഇതോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ കോൺഗ്രസിനെ വലച്ച പ്രധാന പ്രതിസന്ധി ഒഴിവായി.
മുതിർന്ന നേതാവ് എ.കെ. ആന്റണിയും പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുധാകരനുമായി സംസാരിച്ചതിനെ തുടർന്നാണ് മഞ്ഞുരുകിയതെന്നാണ് സൂചന. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടാണ് ഇരുവരും വ്യക്തമാക്കിയത്. കെ സുധാകരൻ ഡൽഹിയിൽ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും യാതൊരു വീട്ടുവീഴ്‌ചയ്‌ക്കും കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. എത്ര സമ്മർദ്ദമുണ്ടായാലും സുധാകരനെ മത്സരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡൽഹി ചർച്ചകളിൽ ആവശ്യപ്പെട്ടിരുന്നു.

