മരിച്ചത് പാങ്ങ് സ്‌കൂളിലെ അധ്യാപകർ; നൊമ്പരമായി വിനോദ യാത്രാ സംഘം അയച്ച ചിത്രം

  • Home-FINAL
  • Kerala
  • മരിച്ചത് പാങ്ങ് സ്‌കൂളിലെ അധ്യാപകർ; നൊമ്പരമായി വിനോദ യാത്രാ സംഘം അയച്ച ചിത്രം

മരിച്ചത് പാങ്ങ് സ്‌കൂളിലെ അധ്യാപകർ; നൊമ്പരമായി വിനോദ യാത്രാ സംഘം അയച്ച ചിത്രം


മലപ്പുറം: വാൽപ്പാറയിലെ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറത്തെ പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിൽനിന്നുള്ള അധ്യാപകരും ജീവനക്കാരും. വിനോദയാത്രാസംഘം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികൾ കേട്ടത്. അപകടത്തിൽ ഒൻപതുപേർ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീർക്കടലായി.

സ്‌കൂൾ അവധിക്കാലമായതിനാലാണ് പാങ്ങ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയിലേക്ക് വിനോദയാത്ര പോയത്. വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പോയതെന്നാണ് പറയുന്നത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി സന്ദർശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി. തുടർന്ന് വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

വൈകീട്ട് അഞ്ചേകാലിനും അഞ്ചരയ്ക്കും ഇടയിലാണ് അപകടമുണ്ടായതെന്നാണ് വാൽപ്പാറ പോലീസ് നൽകുന്നവിവരം. ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും പോലീസ് പറഞ്ഞു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

ഒരു പുരുഷനും ഏഴ് സ്ത്രീകളും ഉൾപ്പെടെ എട്ടുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഡ്രൈവറും രണ്ട് ആൺകുട്ടികളും അടക്കം പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞിരുന്നു.

അതിനിടെ, പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകർ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റുചില അധ്യാപകരും വിനോദയാത്ര സംഘത്തിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അധ്യാപകർക്ക് പുറമേ പാങ്ങ് സ്‌കൂളിലെ ആയയും സ്‌കൂൾ ബസ് ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു. ചിലരുടെ കുട്ടികളെയും കൂടെക്കൂട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. ഏകദേശം പത്തോളം അധ്യാപകരാണ് പാങ്ങ് ജിഎൽപി സ്‌കൂളിൽ ജോലിചെയ്യുന്നതെന്നും നാട്ടുകാർ പറഞ്ഞു.

Leave A Comment