രക്ഷാപ്രവർത്തനം ദുഷ്കരം; ഭൂകമ്പം പോലെ സ്‌ഫോ‌ടനം

  • Home-FINAL
  • Business & Strategy
  • രക്ഷാപ്രവർത്തനം ദുഷ്കരം; ഭൂകമ്പം പോലെ സ്‌ഫോ‌ടനം

രക്ഷാപ്രവർത്തനം ദുഷ്കരം; ഭൂകമ്പം പോലെ സ്‌ഫോ‌ടനം


തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനം നടന്നത് രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താൽക്കാലിക വെടിക്കെട്ട് പുരകളിൽ. സ്ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്ന് പ്രദേശവാസികൾ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി. കടുത്ത ചൂടാകാം സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്.
എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Leave A Comment