ബംഗാളിൽ ‘മോദി ഗ്യാരണ്ടി’,​ പ്രതിവർഷം 36,000 രൂപ അക്കൗണ്ടിലെത്തുമെന്ന്

  • Home-FINAL
  • India
  • ബംഗാളിൽ ‘മോദി ഗ്യാരണ്ടി’,​ പ്രതിവർഷം 36,000 രൂപ അക്കൗണ്ടിലെത്തുമെന്ന്

ബംഗാളിൽ ‘മോദി ഗ്യാരണ്ടി’,​ പ്രതിവർഷം 36,000 രൂപ അക്കൗണ്ടിലെത്തുമെന്ന്


കൊൽക്കത്ത: ബംഗാളിലെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടുവെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഗുണ്ടകളെയും ബലാത്സംഗം ചെയ്യുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നോർത്ത് 24 പർഗാനാസിലെ ബംഗാവോണിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലനില്ക്കുന്നത് ‘ജംഗിൾ രാജാണെന്നും അതിന്റെ ഇരകൾ സ്ത്രീകളാണെന്നും മോദി കുറ്റപ്പെടുത്തി. സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ ബംഗാളിന് തന്നെ അപമാനമാണ്. മേയ് 4ന് ബിജെപി അധികാരത്തിൽ വന്നാൽ ഓരോ ഗുണ്ടയെയും ബലാത്സംഗം ചെയ്യുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി വിപുലമായ പദ്ധതികളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്.

‘ബിജെപി സർക്കാർ ബംഗാളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം 36,000 രൂപ വീതം നിക്ഷേപിക്കും.സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും.സ്ത്രീകൾക്ക് അഞ്ചു‌ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ 80ശതമാനം ഡിസ്‌കൗണ്ടും നൽകും. സ്തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവയ്ക്കുള്ള പരിശോധനയും വാക്സിനേഷനും സൗജന്യമായിരിക്കും. ഗർഭകാലത്ത് 21,000 രൂപയും, പെൺമക്കളുടെ ബിരുദ പഠനത്തിന് 50,000 രൂപയും സഹായം നൽകും. 75 ലക്ഷം സ്ത്രീകൾക്ക് ലക്ഷാധിപതികളാകാൻ സഹായം നൽകും. ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വരെ വായ്പ കിട്ടാൻ ബിജെപി സർക്കാർ സൗകര്യമൊരുക്കും. ബാങ്കിൽ കൊടുക്കാൻ കൈയിൽ പണമില്ലെന്നോർത്ത് വിഷമിക്കണ്ട നിങ്ങൾക്കായി മോദി ഗ്യാരണ്ടി നിൽക്കും’- അദ്ദേഹം പറഞ്ഞു. ഈ മാസം 29നാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണൽ. ഒന്നാംഘട്ടത്തിൽ 91.78 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. .

Leave A Comment